ABOUT US




 ചരിത്ര പ്രസിദ്ധമായ ചന്ദ്രഗിരിക്കോട്ടയുടെ തണലില്‍ ചന്ദ്രഗിരിപ്പുഴയുടെ തീരത്തായി അറബിക്കടലിന്റെ ഇരമ്പലും കേട്ടാണ് ഈ വിദ്യാലയം കിടക്കുന്നത്. കാഞ്ഞങ്ങാട് - കാസറഗോഡ് ദേശസാല്‍കൃതപാതയില്‍ മേല്‍പ്പറമ്പ് ടൗണിലായി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍നിന്നും കാസറഗോഡ് ടൗണിലേക്ക് 6കിലോമീറ്റര്‍ ദൂരവും കളനാട് റെയില്‍വേ സ്റ്റേഷനിലേക്ക് 1കിലോമീറ്റര്‍ ദൂരവും മാത്രമാണ് ഉള്ളത്.

    വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി 1940ല്‍ ഇടുവുങ്കാലില്‍ ശ്രീ. സദാശിവ മാസ്റ്റര്‍ (‍ഡോ: കെ. കമലാക്ഷയുടെ അച്ഛന്‍) ഒറ്റ റൂമില്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ ചന്ദ്രഗിരി എന്ന പേരില്‍ ഒരു കന്നട മീഡിയം സ്കൂള്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് ഇത് കന്നട മീഡിയം എല്‍. പി. സ്കൂളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ സമയത്ത് മലയാള ഭാഷ സംസാരിക്കുന്നവരും ഇവിടെ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം നിലവില്‍ വന്നതോടെ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയില്‍നിന്നും വേര്‍പെടുത്തി മലബാറിന്റെ ഭാഗമാകുകയും, തുടര്‍ന്ന് ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സൗകര്യമുള്ള മേല്‍പ്പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.

     1960ല്‍ ചന്ദ്രഗിരി സ്കൂള്‍ യു. പി. സ്കൂളായി ഉയര്‍ത്തി. 1968ല്‍ അന്നത്തെ ഹെഡ് മാസ്റ്ററായ ശ്രീ. തമ്പാന്‍ മാസ്റ്റര്‍, ശ്രീ. കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജി, ശ്രീ. കല്ലട്ര അബ്ബാസ് ഹാജി എന്നിവരുടെ കഠിനശ്രമഫലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. ശ്രീ. കല്ലട്ര അബ്ബാസ് ഹാജിയാണ് സ്കുളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുന്‍കയ്യെടുത്തത്. അതിനുവേണ്ട മരങ്ങള്‍ നല്‍കിയത് ശ്രീ. കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജിയായിരുന്നു. ഇവരുടെ ശ്രമത്തിന്റെ ഫലമായിത്തന്നെയായിരുന്നു സ്കൂളിന് വിശാലമായ കളിസ്ഥലവും നല്ല ഒരു കിണറും ഉണ്ടാക്കിയത്.

  തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും നിര്‍ദ്ധനരായ അനേകം നാട്ടുകാരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്ന ഈ വിദ്യാലയം ഇപ്പോള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തിയിട്ടുണ്ട്.

No comments:

Post a Comment